---
title: "വിദ്യാര്‍ത്ഥികള്‍ക്ക് അക്വാഫിറ്റ് നീന്തല്‍ പരിശീലനം; കോഴിക്കോട് ജില്ലയില്‍ തുടക്കമായി"
english_title: "Aquafit Swimming Training For Students Begins In Kozhikode District"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383429/ aquafit-swimming-training-students-kozhikode-begins"
published_at: "2026-09-19T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae4ee3f076d_neenthl.jpg"
keywords: ["Aquafit Training", "Swimming Training", "Kerala Govt 100 Days Programme"]
---

# വിദ്യാര്‍ത്ഥികള്‍ക്ക് അക്വാഫിറ്റ് നീന്തല്‍ പരിശീലനം; കോഴിക്കോട് ജില്ലയില്‍ തുടക്കമായി

> **Lead Summary:** കോഴിക്കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നീന്തല്‍ക്കുളത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

## Article Content

കോഴിക്കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തല്‍ പരിശീലന പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. നടക്കാവ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നീന്തല്‍ക്കുളത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വിദ്യാര്‍ത്ഥികളില്‍ നീന്തല്‍ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നീന്തല്‍ പരിശീലനത്തോടൊപ്പം ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിശീലനവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് കോര്‍പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിത അരുണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നീന്തല്‍ പരിശീലനം വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനൊപ്പം ജലസുരക്ഷയെക്കുറിച്ചുള്ള പ്രായോഗിക അറിവ് നേടാനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എസ്. അമൃത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.പി. സലീം മുഖ്യാതിഥിയായി പങ്കെടുത്തു.

ഡി.പി.സി. നിസാര്‍ ചേലേരി, നടക്കാവ് ജിയുപിഎസ് പ്രധാനാധ്യാപിക കെ.എസ്. ബിന്ദു, പി.ടി.എ. പ്രസിഡന്റ് പി. പ്രജിത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി സി.സി. ജോണി എന്നിവര്‍ സംസാരിച്ചു. പി. നൗഷാദലി സ്വാഗതവും എം. ഷിംജിത്ത് നന്ദിയും പറഞ്ഞു. ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായുള്ള പദ്ധതി തുടര്‍ന്നും നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383429/ aquafit-swimming-training-students-kozhikode-begins)